ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നല്കിയ നോട്ടീസ് തള്ളി. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.
ഓപ്പരേഷന് സിന്ദൂറിലാണ് ഇന്ന് ചര്‍ച്ച നടക്കുന്നതെന്നും മറ്റ് ചര്‍ച്ചകളിലേക്ക് കടക്കുന്നില്ലെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സഭാനടപടികള്‍ നിര്‍ത്തിവച്ചത്. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും ചെയര്മാന് ആവശ്യം തള്ളുകയായിരുന്നു.
അതേസമയം രാവിലെ പ്രിയങ്കാ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ചിരുന്നു. കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ കേന്ദ്രം എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചത്.